2013, ജൂലൈ 12, വെള്ളിയാഴ്‌ച

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകതജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.

 ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും.

ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ--തൃത്താലപ്പെരുമ-- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു.

സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കുറുപ്പ് അയല്‍ക്കൂട്ടം വഴിയും ജേക്കബ് വടക്കന്‍ചേരിയും അംബ്രോസും സ്വാശ്രയ വൈപ്പിന്‍ പ്രസ്ഥാനം വഴിയും മണലൂരിലെ ചെറുപ്പക്കാര്‍ ഗ്രാമാസൂത്രണം വഴിയും തുടങ്ങിവെച്ച സ്വാശ്രയ ഗ്രാമ പരീക്ഷണങ്ങൾ നമുക്കു മുമ്പിലുണ്ട്. ഒഞ്ചിയത്തെ ജനകീയ കുടിവെള്ളവിതരണ പദ്ധതി, കണ്ണൂരിലെ ഒരു പ്രദേശത്തെ സ്വാശ്രയ വൈദ്യുതി പദ്ധതി, തിരുവനന്തപുരം ജില്ലയിൽ നടന്ന കേന്ദ്രീകൃത ജനകീയ പൊതുവിതരണ പദ്ധതി, താനാളൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പത്രപ്രസിദ്ധീകരണം, വിദ്യാഭ്യാസമേഖലയിൽ കെ.ജെ.ബേബിയുടെയും സാരംഗ് ഗോപാലകൃഷ്ണന്റെയും പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ എന്നിവ നമുക്കു മുമ്പിലുണ്ട്. ഇവയിൽ പലതും വലിയ പ്രതീക്ഷ നൽകിയെങ്കിലും ഇടക്കുവെച്ച് നിലച്ചു പോയി. എങ്കിലും ഇവ പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. ആഗോള സാമ്പത്തികക്രമത്തിനെതിരായുള്ള ചെറിയ ചെറിയ ചെറുത്തു നിൽപുകൾ കൂടിയായിരുന്നു ഇവ.

ഇതു തന്നെയാണ് സ്വാശ്രയ മലമക്കാവിനെയും ശ്രദ്ധേയമാക്കുന്നത്. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവരെ കണ്ടെത്തി അവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നുള്ള ഒരന്വേഷണമാണ് ഇതിന്റെ അന്തസത്ത എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്രയേറെ വികസനത്തെ കുറിച്ചു പറയുമ്പോഴും ഇത്രയേറെ പൊതുമുതൽ വികസനത്തിന്റെ പേരിൽ ഒഴുക്കുമ്പോഴും ഇന്നും ദാരിദ്ര്യം പെരുകുകയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ ജീവിതം ദുഃസഹമാവുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ഡോക്ടർ കൃഷ്ണദാസ് തന്റെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു: "ഒരു രൂപക്ക് അരി കിട്ടുന്നതു കൊണ്ട് പട്ടിണി ഇന്നില്ല എന്നു പറയാം. പക്ഷെ അരി മാത്രം മതിയോ? പാലും പയറും പഴവും അല്ലെങ്കിൽ മത്സ്യവും മുട്ടയും വേണ്ടെ?" ഒരു സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിന്റെ അനുഭവം വെച്ച് സമൂഹത്തിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുണ്ട് എന്നദ്ദേഹം മറ്റൊരിടത്ത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ഒരു ശരാശരി കേരളീയ ഗ്രാമത്തിന്റെ ഈ അവസ്ഥയിൽ നിന്നാണ് സ്വാശ്രയമലമക്കാവ് എന്ന അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ പുതിയൊരു മുഖമായി ഇതിനെ കാണാം. നശീകരണ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത്  ഇങ്ങനെയുള്ള ഉണർവുകൾ സംവാദത്തിന്റെ വിശാലമായ ഇടങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

ഇക്കാലത്ത് സ്വാശയം എന്ന വാക്ക് ഒരു സംവിധാനത്തിന്റെ ഉപയോക്താക്കളിൽ നിന്നു പണം കണ്ടെത്തി ആ സംവിധാനത്തെ നിലനിർത്തുക എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു വരുന്നത്. ഈ അവസരത്തിലാണ് സ്വാശ്രയം എന്ന വാക്ക് മലമക്കാവിന്റെ പൂർവ്വപ്രത്യയമായി വരുന്നത്. ഉപയോക്താക്കളെ പിഴിയാതെ അവർക്കു വേണ്ട സഹായം ചെയ്തു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇവിടെ ഒരു വാക്കിനെ--ഒരു സംസ്കാരത്തെ--തിരിച്ചു പിടിക്കുക കൂടിയാണ് ചെയ്യുന്നത്. പുറമെ നിന്നുള്ളവരുടെ ഔദാര്യമല്ലാതെ, അവരുടെ കൂടി പങ്കാളിത്തത്തോടെ ഇത് നടത്തുമ്പോൾ അവരുടെ ആത്മവിശ്വാസത്തെ വളർത്തുക കൂടിയാണ് ചെയ്യുന്നത്.  തളിക്കുളം, താനാളൂർ പഞ്ചായത്തുകളുടെ വികസനം നിയന്ത്രിക്കാനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള തീരുമാനം നടപ്പിലാക്കാൻ പോകുന്ന വേളയിൽ അതല്ല ഇതാണ് യഥാർത്ഥ ബദൽ എന്നു പറഞ്ഞ് ഒരു കൂട്ടർ മുന്നോട്ടു വരുന്നതിന്റെ രാഷ്ട്രീയവും തിരിച്ചറിയേണ്ടതാണ്. (ഞാൻ രാഷ്ട്രീയം എന്നുപയോഗിക്കുന്നത് സങ്കുചിതമായ അർത്ഥത്തിലല്ല)

1931 മാർച്ച് 26ലെ യംഗ് ഇന്ത്യയിൽ ഗാന്ധിജി ഇങ്ങനെ എഴുതി: "എന്റെ സ്വപ്നത്തിലുള്ള സ്വരാജ് ദരിദ്രന്റെ സ്വരാജാണ്. ജീവിതാവശ്യങ്ങളെല്ലാം രാജകുമാരനും ധനവാനും അനുഭവിക്കുന്നതിനോടൊപ്പം നിങ്ങളും അനുഭവിക്കണം. അതുകൊണ്ട് അവർക്ക് അവരുടെ സൗധങ്ങളും മറ്റുമാവാമെന്നർത്ഥമില്ല. സുഖത്തിന് അതാവശ്യമുള്ളതല്ല. ഒരു ധനവാനു ലഭിക്കുന്ന എല്ലാ സാധാരണ ജീവിതസൗകര്യങ്ങളും നിങ്ങൾക്കും ലഭിച്ചേ തീരൂ. ആ സൗകര്യങ്ങൾ നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെടാത്തിടത്തോളം കാലം സ്വരാജ് പൂർണ്ണസ്വരാജ് ആവുകയില്ലെന്ന കാര്യത്തിൽ എനിക്കു സംശയമില്ല."

2 അഭിപ്രായങ്ങൾ:

 1. ഇതൊരു സ്വപ്നമാണ്..
  നമ്മള്‍ കുറേ ആളുകള്‍ കൂടി കാണുനൊരു സ്വപ്നം..
  യാദാര്‍ത്ഥ്യത്തിലെക്കുള്ള വഴിയില്‍ മുള്ളുകള്‍ അനവധി ഉണ്ടായേക്കാം..
  എന്നാലും നമ്മള്‍ നടന്നു തുടങ്ങുകയാണ്..

  സ്വാശ്രയ മലമക്കാവിനെ കുറിച്ച്..
  തൃത്താലപ്പെരുമയെ കുറിച്ച് ഇങ്ങിനെ ഒരു കുറിപ്പില്‍ ഒരുപാട് സന്തോഷം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി,
   സ്വപ്നങ്ങളുണ്ടായിരിക്കുക എന്നത് എപ്പോഴും നല്ല കാര്യമാണ്. സ്വാതന്ത്ര്യസമരസേനാനികളെ നയിച്ചിരുന്നത് അവർ കണ്ടിരുന്ന വലിയ സ്വപ്നങ്ങളാണെന്ന് ആനന്ദ് പറയുന്നുണ്ട്.
   പുതിയ കാലത്തിന്റെ ദുരന്തം സ്വപ്നം കാണാനുള്ള കഴിവു നഷ്ടപ്പെട്ടതാണെന്നും

   ഇല്ലാതാക്കൂ