2013, ജൂലൈ 12, വെള്ളിയാഴ്‌ച

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകതജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.

 ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും.

ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ--തൃത്താലപ്പെരുമ-- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു.

സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കുറുപ്പ് അയല്‍ക്കൂട്ടം വഴിയും ജേക്കബ് വടക്കന്‍ചേരിയും അംബ്രോസും സ്വാശ്രയ വൈപ്പിന്‍ പ്രസ്ഥാനം വഴിയും മണലൂരിലെ ചെറുപ്പക്കാര്‍ ഗ്രാമാസൂത്രണം വഴിയും തുടങ്ങിവെച്ച സ്വാശ്രയ ഗ്രാമ പരീക്ഷണങ്ങൾ നമുക്കു മുമ്പിലുണ്ട്. ഒഞ്ചിയത്തെ ജനകീയ കുടിവെള്ളവിതരണ പദ്ധതി, കണ്ണൂരിലെ ഒരു പ്രദേശത്തെ സ്വാശ്രയ വൈദ്യുതി പദ്ധതി, തിരുവനന്തപുരം ജില്ലയിൽ നടന്ന കേന്ദ്രീകൃത ജനകീയ പൊതുവിതരണ പദ്ധതി, താനാളൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പത്രപ്രസിദ്ധീകരണം, വിദ്യാഭ്യാസമേഖലയിൽ കെ.ജെ.ബേബിയുടെയും സാരംഗ് ഗോപാലകൃഷ്ണന്റെയും പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ എന്നിവ നമുക്കു മുമ്പിലുണ്ട്. ഇവയിൽ പലതും വലിയ പ്രതീക്ഷ നൽകിയെങ്കിലും ഇടക്കുവെച്ച് നിലച്ചു പോയി. എങ്കിലും ഇവ പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. ആഗോള സാമ്പത്തികക്രമത്തിനെതിരായുള്ള ചെറിയ ചെറിയ ചെറുത്തു നിൽപുകൾ കൂടിയായിരുന്നു ഇവ.

ഇതു തന്നെയാണ് സ്വാശ്രയ മലമക്കാവിനെയും ശ്രദ്ധേയമാക്കുന്നത്. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവരെ കണ്ടെത്തി അവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നുള്ള ഒരന്വേഷണമാണ് ഇതിന്റെ അന്തസത്ത എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്രയേറെ വികസനത്തെ കുറിച്ചു പറയുമ്പോഴും ഇത്രയേറെ പൊതുമുതൽ വികസനത്തിന്റെ പേരിൽ ഒഴുക്കുമ്പോഴും ഇന്നും ദാരിദ്ര്യം പെരുകുകയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ ജീവിതം ദുഃസഹമാവുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ഡോക്ടർ കൃഷ്ണദാസ് തന്റെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു: "ഒരു രൂപക്ക് അരി കിട്ടുന്നതു കൊണ്ട് പട്ടിണി ഇന്നില്ല എന്നു പറയാം. പക്ഷെ അരി മാത്രം മതിയോ? പാലും പയറും പഴവും അല്ലെങ്കിൽ മത്സ്യവും മുട്ടയും വേണ്ടെ?" ഒരു സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിന്റെ അനുഭവം വെച്ച് സമൂഹത്തിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുണ്ട് എന്നദ്ദേഹം മറ്റൊരിടത്ത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ഒരു ശരാശരി കേരളീയ ഗ്രാമത്തിന്റെ ഈ അവസ്ഥയിൽ നിന്നാണ് സ്വാശ്രയമലമക്കാവ് എന്ന അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ പുതിയൊരു മുഖമായി ഇതിനെ കാണാം. നശീകരണ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത്  ഇങ്ങനെയുള്ള ഉണർവുകൾ സംവാദത്തിന്റെ വിശാലമായ ഇടങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

ഇക്കാലത്ത് സ്വാശയം എന്ന വാക്ക് ഒരു സംവിധാനത്തിന്റെ ഉപയോക്താക്കളിൽ നിന്നു പണം കണ്ടെത്തി ആ സംവിധാനത്തെ നിലനിർത്തുക എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു വരുന്നത്. ഈ അവസരത്തിലാണ് സ്വാശ്രയം എന്ന വാക്ക് മലമക്കാവിന്റെ പൂർവ്വപ്രത്യയമായി വരുന്നത്. ഉപയോക്താക്കളെ പിഴിയാതെ അവർക്കു വേണ്ട സഹായം ചെയ്തു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇവിടെ ഒരു വാക്കിനെ--ഒരു സംസ്കാരത്തെ--തിരിച്ചു പിടിക്കുക കൂടിയാണ് ചെയ്യുന്നത്. പുറമെ നിന്നുള്ളവരുടെ ഔദാര്യമല്ലാതെ, അവരുടെ കൂടി പങ്കാളിത്തത്തോടെ ഇത് നടത്തുമ്പോൾ അവരുടെ ആത്മവിശ്വാസത്തെ വളർത്തുക കൂടിയാണ് ചെയ്യുന്നത്.  തളിക്കുളം, താനാളൂർ പഞ്ചായത്തുകളുടെ വികസനം നിയന്ത്രിക്കാനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള തീരുമാനം നടപ്പിലാക്കാൻ പോകുന്ന വേളയിൽ അതല്ല ഇതാണ് യഥാർത്ഥ ബദൽ എന്നു പറഞ്ഞ് ഒരു കൂട്ടർ മുന്നോട്ടു വരുന്നതിന്റെ രാഷ്ട്രീയവും തിരിച്ചറിയേണ്ടതാണ്. (ഞാൻ രാഷ്ട്രീയം എന്നുപയോഗിക്കുന്നത് സങ്കുചിതമായ അർത്ഥത്തിലല്ല)

1931 മാർച്ച് 26ലെ യംഗ് ഇന്ത്യയിൽ ഗാന്ധിജി ഇങ്ങനെ എഴുതി: "എന്റെ സ്വപ്നത്തിലുള്ള സ്വരാജ് ദരിദ്രന്റെ സ്വരാജാണ്. ജീവിതാവശ്യങ്ങളെല്ലാം രാജകുമാരനും ധനവാനും അനുഭവിക്കുന്നതിനോടൊപ്പം നിങ്ങളും അനുഭവിക്കണം. അതുകൊണ്ട് അവർക്ക് അവരുടെ സൗധങ്ങളും മറ്റുമാവാമെന്നർത്ഥമില്ല. സുഖത്തിന് അതാവശ്യമുള്ളതല്ല. ഒരു ധനവാനു ലഭിക്കുന്ന എല്ലാ സാധാരണ ജീവിതസൗകര്യങ്ങളും നിങ്ങൾക്കും ലഭിച്ചേ തീരൂ. ആ സൗകര്യങ്ങൾ നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെടാത്തിടത്തോളം കാലം സ്വരാജ് പൂർണ്ണസ്വരാജ് ആവുകയില്ലെന്ന കാര്യത്തിൽ എനിക്കു സംശയമില്ല."

2013, ജൂൺ 6, വ്യാഴാഴ്‌ച

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.


കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാറായി. ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക. വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും. അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി. എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി. ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം. മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട്.

ഇതെല്ലാം നല്ലതു തന്നെ. ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു. ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല. വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ്. ഗണിതം, ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം. ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരായിരിക്കണം ഭാവിയിലെ അദ്ധ്യാപകർ എന്നാണ് സങ്കൽപം.

വിദ്യാഭ്യാസം എന്ന പ്രകൃയയിൽ വിവിധങ്ങളായ രീതിശാസ്ത്രങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അതുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. എന്നാൽ അത് ആഴത്തിൽ പഠിച്ച എത്ര അദ്ധ്യാപകർ നമുക്കുണ്ട്? അല്ലെങ്കിൽ അങ്ങനെ പഠിക്കാനാവശ്യമായ സൗകര്യം എത്രത്തോളമുണ്ട്? ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി അറിയാവുന്നവർക്കല്ലേ അതിനെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയൂ? ചേഷ്ടാസിദ്ധാന്തവും സാമൂഹ്യനിർമ്മിതി സിദ്ധാന്തവുമെല്ലാം വെറുതെ പറഞ്ഞുപോകാനുള്ളതല്ല; ആഴത്തിൽ പഠിക്കേണ്ടവയാണ്. കൊമീനിയസ് മുതൽ പൗലോ ഫ്രെയർ വരെയുള്ളവരെല്ലാം തന്നെ അദ്ധ്യാപകർക്ക് കൂട്ടായിരിക്കേണ്ടതുണ്ട്. പെഡഗോജിക്കൽ സൈക്കോളജി, പെഡഗോജിക്കൽ ബയോളജി എന്നിവയെല്ലാം തന്നെ വളരെ ആഴത്തിൽ പഠിക്കേണ്ടതാണ്. ഇതിനൊന്നുമുള്ള സൗകര്യം തീർച്ചയായും ഇപ്പോഴത്തെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഇല്ല. മാത്രമല്ല അവിടെ ജീവിക്കാനൊരു തൊഴിൽ എന്ന ആവശ്യവുമായി വരുന്നവരാണ് കൂടുതലും ഉള്ളതെന്നു വേണം കതാൻ. കാരണം ഒരു തൊഴിൽ പരിശീലനകളരി എന്ന രീതിയിൽ തന്നെയാണ് ഇവ പ്രവർത്തിക്കുന്നത്.

സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിദ്യാഭാസത്തെ കുറിച്ച് എത്ര ഗവേഷണ പ്രബന്ധങ്ങൾ വന്നിട്ടുണ്ട് എന്നു പരിശോധിച്ചാൽ മതി നമ്മൾ ഈ വിഷയത്തിനു കൊടുക്കുന്ന പ്രാധാന്യത്തെ കുറിച്ചു മനസ്സിലാക്കാൻ.

സർവ്വകലാശാകളിൽ ബിരുദ-ബിരുദാനന്തതലങ്ങളിൽ കൂടുതൽ പഠന സൗകര്യം ഏർപ്പെടുത്തുകയും ഇവ അദ്ധ്യാപക പരിശീലനത്തിനുള്ള യോഗ്യതകളിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്. അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ സ്ക്കൂൾ മാനേജ്മെന്റ്, ക്ലാസ്‌റൂം മാനേജ്മെന്റ്, അദ്ധ്യാപക-വിദ്യാർത്ഥി ഇടപെടലുകൾ... തുടങ്ങിയവയായിരിക്കണം വിഷയം.

വിദ്യാസം എന്ന വിഷയം ആഴത്തിൽ പഠിച്ചവരായിരിക്കണം ഭാവിയിൽ നമ്മുടെ വിദ്യാലയങ്ങളിൽ അദ്ധ്യാപകരായി വരേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളും പരിഷ്കാരങ്ങളും അപ്പപ്പോൾ തന്നെ സ്വാശീകരിക്കുകയും അവയിലെ നന്മതിന്മകൾ വിവേചിച്ചറിയുകയും നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് അവ മാറ്റം വരുത്തി പ്രയോഗിക്കാൻ അറിയുകയും ചെയ്യുന്നവരായിരിക്കും അവർ. അദ്ധ്യാപകസമൂഹത്തിലും പൊതുസമൂഹത്തിലും പുതിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇവർക്കു കഴിയും.

സർവ്വകലാശാലാ പഠനം പൂർത്തിയാക്കിയതിനാൽ ഈ വിഷയത്തിൽ ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇവർക്കു നൽകാവുന്നതാണ്. വെക്കേഷനുകളിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു പേപ്പർ ഓരോ അദ്ധ്യാപകരും തയ്യാറാക്കണമെന്ന് നിർദ്ദേശിക്കാവുന്നതാണ്. ഇത് അവരുടെ ശേഷീവികസനത്തെ സഹായിക്കും. അതോടൊപ്പം തന്നെ കേരളസമൂഹത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൊത്തം അറിവും വർദ്ധിക്കും. അതുപോലെ ഇക്കാലയളവ് പഠനപരിശീലനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഓരോ വർഷം കഴിയുന്തോറും കേരളത്തിന്റെ വിദ്യാഭ്യാസശാസ്ത്ര രംഗത്തുള്ള വിജ്ഞാനം കൂടിക്കൂടി വരിക എന്നതായിരിക്കണം സ്വപ്നം. ഇതു തീർച്ചയായും വിദ്യാർത്ഥികളുടെ പഠനനിലവാരത്തിലും ഗുണകരമായ മാറ്റങ്ങൾ കാണിക്കും.

2011, ഡിസംബർ 11, ഞായറാഴ്‌ച

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുകമുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ പ്രദേശത്തുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നത്?

ഇവിടെയാണ് നാം തമിഴന്മാർക്കു നേരെ ആരോപിക്കുന്ന മുപ്പതു ലക്ഷം ആളുകളുടെ ജീവനെ പരിഗണിക്കുന്നില്ല എന്ന ആരോപണം നമുക്കു നേരെയും നീണ്ടുവരുന്നത്. ഒരു ഭൂകമ്പത്തെ താങ്ങാനുള്ള അണക്കെട്ടിന്റെ ശേഷിയെ കുറിച്ച് നാം സംശയാലുക്കളാണ്. റൂർക്കി IITയുടെ പഠനറിപ്പോർട്ട് നമ്മൾ എടുത്തു കാണിക്കുകയും ചെയ്യുന്നു. അപ്പോൾ ഇനിയുമൊരു ഭൂകമ്പത്തിനു കാത്തിരിക്കാതെ ‌- ഭാഗ്യം പരീക്ഷിക്കാതെ- ഇത് എത്രയും പെട്ടെന്ന് പൊളിച്ചു കളയാനുള്ള ശ്രമങ്ങളല്ലേ സ്വന്തം ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ ചെയ്യേണ്ടത്. അതിന് തമിഴ്‌നാട് സമ്മതിക്കില്ല എന്നാണെങ്കിൽ പുതിയ അണക്കെട്ടിനെ തമിഴ്‌നാട് പിന്തുണക്കുന്നുണ്ടോ? ഇപ്പോഴുള്ള അണക്കെട്ടിൽ നിന്നു തന്നെ ജലത്തിന്റെ അളവ് 120 അടിക്കു താഴെ പോയാൽ തമിഴ്‌നാട്ടുകാർക്ക് വെള്ളം കിട്ടാൻ പ്രയാസമാണ് എന്നിരിക്കേ 1300 അടി താഴെ മറ്റൊരണ കെട്ടിത്തരാം ഇഷ്ടം പോലെ വെള്ളം കൊണ്ടു പൊയ്ക്കൊ എന്നു പറഞ്ഞാൽ എന്നെങ്കിലും അവർ അത് സമ്മതിക്കും എന്നു തോന്നുന്നുണ്ടോ? അതോ ഇപ്പോൾ കിട്ടുന്നതിൽ നിന്ന് പരമാവധി ഉപയോഗിക്കാം എന്നാണോ അവർ തീരുമാനമെടുക്കുക?

പിന്നെ ഇതിങ്ങനെ അനിശ്ചിതമായി നിലനിർത്തുന്നതു കൊണ്ട് ആർക്കാണ് ഗുണം?

ഏതു നിമിഷവും അണപൊട്ടി വരാം എന്നു ഭയപ്പെട്ടു നിൽക്കുന്ന ഒരു ജനത (ആ ഭയം ഇരട്ടിപ്പിക്കുന്നതിനുള്ള ദൃശ്യരൂപങ്ങളും-ഡാം999പോലെ -നാം ഒരുക്കുന്നുണ്ട്) തങ്ങളുടെ കിടപ്പാടം പോലും കിട്ടിയ വിലക്ക് വിറ്റുപോകുമെന്ന് അറിയാവുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. അവരുടെ കൂടി ആവശ്യമാണ് അണക്കെട്ട് പൊളിക്കാതെ നിർത്തി ജനങ്ങളുടെ ഭയം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക എന്നത്. സ്ഥലമെല്ലാം ചുളുവിലക്ക് കൈയ്യിലെത്തി റിസോർട്ടുകൾ പണിതു വരുമ്പോഴേക്കും താഴെ ഒരണക്കെട്ടു കൂടിവന്നാൽ ഇവിടം കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും. ആനന്ദലബ്ധിക്ക്  പിന്നെ വേറെയെവിടെയെങ്കിലും  പോകണോ?

അറിഞ്ഞോ അറിയാതെയോ ഇതിനെ സഹായിക്കുന്നവർ നിസ്സഹായരായ ഒരു വിഭാഗം ആളുകളുടെ തലക്കുമുകളിൽ ഡമോക്ലീസിന്റെ വാളുപോലെ നിൽക്കുന്ന അണക്കെട്ടിലെ വെള്ളമെല്ലാം സുരക്ഷിതമായി ചോർത്തിക്കളഞ്ഞ് അത് പൊളിച്ച്, വേണമെങ്കിൽ തത്‌സ്ഥാനത്ത് പുതിയൊരെണ്ണം -അത്യാവശ്യമാണെങ്കിൽ മാത്രം- പണിയുന്നതിനു വേണ്ടിയുള്ള സമ്മർദ്ദം ചെലുത്തുന്നതിനാണ് ഇനിയെങ്കിലും ശ്രമിക്കേണ്ടത്.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

"നാളത്തെ കേരളത്തിലെ" നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!!
2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി....
******
*****


     ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


     രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള പ്രചരണം, തുടർച്ചയായി പുതിയ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട്  ജനങ്ങളുടെ ശ്രദ്ധ ഏതെങ്കിലും ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നത് തടയൽ, പരസ്പരവിരുദ്ധവും അവ്യക്തവുമായ വാർത്തകളിലൂടെ ജനങ്ങളിൽ വിഭ്രമം സൃഷ്ടിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുള്ള മോശമായ അഭിപ്രായ രൂപീകരണം, സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ മേൽപഞ്ഞ ഇടപെടലിന്റെ ഭാഗമാണ്.


     രാഷ്ടീയസമരങ്ങളുടെ അരാഷ്ടീയവൽക്കരണത്തിനുള്ള ഉത്തമോദാഹരണമാണ് ബന്ദ് എന്ന സമരരീതിക്കുണ്ടായ സ്വഭാവ പരിണാമം. മുൻകാലങ്ങളിൽ സർക്കാർ നയങ്ങൾക്കെതിരായ പ്രധിഷേധത്തിന്റെ സമരരൂപമായിരുന്നു ബന്ദ്. ഇത് ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും പ്രഖ്യാപിക്കുകയും ഈ കാലയളവിൽ ചർച്ചകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പ്രസ്തുത വിഷയത്തിൽ കേന്ദ്രീകരിക്കുകയും ചെയ്യുമായിരുന്നു. മുൻകരുതലുകളെടുക്കുന്നതിനുള്ള സമയവും ലഭിച്ചിരുന്നു. ഇതിനൊരു മാറ്റം വന്നത് രഥയാത്രയോടനുബന്ധിച്ചുണ്ടായ അദ്വാനിയുടെ അറസ്റ്റോടു കൂടിയാണ്. അറസ്റ്റിന്റെ അടുത്ത ദിവസം തന്നെ ബന്ദ് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ബി.ജെ.പി. ഈ സമരരൂപത്തിന്റെ സ്വഭാവത്തിൽ കാതലായ മാറ്റം വരുത്തിയത്. ഇതോടു കൂടി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ വ്യാപകമായ പ്രചരണങ്ങളോടെ നടത്തപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ സമരം ഏതെങ്കിലും പാർട്ടിയോ അതിന്റെ പ്രവർത്തകരോ നേരിട്ട ഏതെങ്കിലും പ്രശ്നത്തിന്റെ പേരിൽ ജനങ്ങളുടെ മേൽ പ്രയോഗിക്കുന്ന മുന്നറിയിപ്പില്ലാത്ത അതിക്രമം എന്ന അവസ്തയിലേക്ക് മാറുകയും ചെയ്തു. മറ്റു സമരരൂപങ്ങളിലും ഇതു പോലുള്ള മൂല്യത്തകർച്ച ഉണ്ടായിട്ടുണ്ട്. ഇതിനു തുടക്കമിട്ടത് ബി.ജെ.പിയാണ് എന്നതും ജനാധിപത്യ ഭരണക്രമത്തെ പരിഹസിക്കുന്ന തരത്തിൽ - തെരഞ്ഞെടുപ്പിൽ തോറ്റവരെ പോലും മന്ത്രിയാക്കുന്നടക്കം- ഇപ്പോൾ ഭരണം നടത്തുന്നതും അവർ തന്നെയാണ് എന്നതും കൂട്ടി വായിക്കുക.അപ്പോൾ ഇവരുടെ രാഷ്ടീയ ദൗത്യം തിരിച്ചറിയാം.


     പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനു മുമ്പ് അവക്കെതിരായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലായിരുന്നു ഈ ശക്തികൾ ശ്രദ്ധിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഇതിന്റെ പിൻബലത്തിൽ സ്വകാര്യവൽകരണം ആരംഭിച്ചപ്പോഴാണ് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെന്നും അവയാണ് ഇപ്പോൾ വിറ്റുകൊണ്ടിരിക്കുന്നതെന്നും നാം തിരിച്ചറിഞ്ഞു തുടങ്ങിയത്.


     ഭക്ഷ്യദൗർലഭ്യം, തൊഴിലില്ലായ്മ, കാർഷികോൽപന്ന വിലത്തകർച്ച തുടങ്ങി ജനങ്ങൾ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെടുന്ന സമുദായിക കലാപങ്ങളും പെരുകിവരികയാണ്. മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതിലൂടെ, മാറി മാറി വന്ന സർക്കാറുകളെല്ലാം അവഗണിച്ച തീരദേശമൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അവർക്കിടയിൽ നിന്നു തന്നെ രൂപം കൊള്ളേണ്ടിയിരുന്ന ഒരു കൂട്ടായ്മയാണ്  ഇല്ലാതായത്.


     അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ബ്യൂറോക്രസിയും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്. രാഷ്ട്രീയബോധവും ദേശാഭിമാനവും നഷ്ടപ്പെട്ടവരാണീക്കൂട്ടർ. തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളെ പോലും പ്രതിസന്ധിയിലകപ്പെടുത്തുവാൻ ഇക്കൂട്ടർക്കു കഴിയും. ഐ.എം.എഫ്, ലോകബാങ്ക് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സുഗമമാക്കിയത് ഇക്കൂട്ടരാണ്. അതിനുള്ള പ്രതിഫലമായി ഇവരിൽ ചിലർക്ക് ഈ സ്ഥാപനങ്ങളിൽ ഉയർന്ന ജോലിയും ലഭിച്ചു.


     അന്താരാഷ്ട്രീയത്തിന്റെ വക്താക്കളായ ബുദ്ധിജീവികളും മാധ്യമങ്ങളും പൊതുസമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടത്തരക്കാരെ അരാഷ്ട്രീയവൽക്കരിക്കുകയും വെറും സ്വാർത്ഥമോഹികളാക്കി മാറ്റുകയും ചെയ്തു. ഇങ്ങനെ പൾപ്പ് സൊസൈറ്റിയായി മാറിയ ഒരു രാഷ്ട്രീയത്തിലേക്ക് സകലവിധ ആഡംബരങ്ങളോടും കൂടി ആഗോളവൽക്കരണ ശക്തികൾക്ക് പറന്നിറങ്ങുന്നതിനും ഇവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിലും സ്വത്തിലും എ.ഡി.ബിയിലേയും ലോകബാങ്കിലേയും വെളുത്ത തമ്പ്രാക്കന്മാർക്ക് കൈവെക്കുന്നതിനും ഇവിടത്തെ ഭരണരീതി എങ്ങനെയാണ് പരിഷ്കരിക്കേണ്ടത് എന്നു തീരുമാനിക്കുന്നതിനു വേണ്ടി ആസ്ട്രേലിയൻ കൺസൾട്ടന്റുമാർക്ക് കടന്നു വരാനും എന്തെളുപ്പം!


     ജനാധിപത്യം ഒരു ഭരണക്രമം എന്നതിൽ നിന്നും ഒരു ജീവിതരീതിയായി മാറുകയും അങ്ങനെ ഒരു പുതിയ സംസ്കാരം രൂപപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവൂ.


     ഇങ്ങനെ വരുമ്പോൾ അധികാരവും സമ്പത്തും ഇനിയും വികേന്ദ്രീകരിക്കേണ്ടി വരും. ഭരണാധികാരികളെ തെരഞ്ഞെടുക്കുക എന്നതിൽ നിന്നും വികസന പ്രകൃയയിൽ നേരിട്ടു പങ്കെടുക്കുക എന്ന അവസ്ഥയിലേക്ക് ഓരോ പൗരനും മാറണം. പ്രാന്തവൽ‌ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൂടി ജനാധിപത്യ-വികസന പ്രക്രയകളിൽ പങ്കാളികളാക്കണം. ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ മുഖ്യപ്രശ്നങ്ങളിൽ പെടുത്തണം.


     കുടുംബ ബന്ധങ്ങളിൽ ജനാധിപത്യപരമായ അഴിച്ചു പണി വേണ്ടി വരും. ഇന്നും ഫ്യൂഡൽ അവശിഷ്ടങ്ങൾ നമ്മുടെ വീടുകളിൽ കാണാം.


     സ്ക്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധത്തിലും മാറ്റം വേണ്ടി വരും. തൊഴിൽ സംസ്കാരത്തിലും ഉപഭോഗരീതികളിലും മാറ്റങ്ങൾ ആവശ്യമായി വരും. അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ മൂല്യങ്ങൾ വീണ്ടെടുക്കേണ്ടി വരും.


     ഇവയൊന്നും ഒരു ഗവണ്മെന്റ് ഓർഡറിലൂടെ നടപ്പാക്കാനാവില്ല എന്ന് നമുക്കറിയാം. സംവാദങ്ങളിലൂടെ രൂപപ്പെടുന്ന വിപുലീകൃത ആശയങ്ങളും വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സർഗ്ഗാത്മകമായ ഇടപെടലുകളുമാണ് പ്രധാനമായും നമുക്കാവശ്യമായി വരിക.

2011, ജൂൺ 14, ചൊവ്വാഴ്ച

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ചായത്തിൽ. ഈ വിവരം കുട്ടി താമസിക്കുന്ന പഞ്ചായത്തിലേക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമായിട്ടുള്ള ഒരു രീതിയാണ്. ഓരോ പഞ്ചായത്തിലും വളരുന്ന കുട്ടികളെ കുറിച്ചുള്ള കൃത്യമായ കണക്ക് അതാത് പഞ്ചായത്തിൽ വേണ്ടതാണ്. അപ്പോൾ ഓരോ പഞ്ചായത്തിലും എത്രകുട്ടികൾ വീതമാണ് സ്ക്കൂൾ പ്രായത്തിൽ എത്തിയിട്ടുള്ളത് എന്ന് ഓരോ വർഷവും കണക്കെടുക്കുവാൻ എളുപ്പമാവും. അത് സംസ്ഥാന തലത്തിൽ ക്രോഡീകരിക്കുന്നതിനും കഴിയും. അങ്ങനെ വരുമ്പോൾ മുൻവർഷത്തെക്കാൾ ഇത്ര കുറവ്  എന്ന അവ്യക്തമായ കണക്കിനു പകരം യഥാർത്ഥത്തിൽ തനതു വർഷം ഒന്നാം ക്ലാസ്സിൽ ചേരേണ്ട കുട്ടികൾ എത്ര എന്നും അവർ ഏതേതു വിഭാഗം വിദ്യാലയങ്ങളിലാണ് ചേർന്നത് എന്നും കൃത്യമായി മനസ്സിലാക്കുന്നതിനു സാധിക്കും.


     അതു പോലെ തന്നെ ഓരോ ക്ലാസിൽ നിന്നും വിജയിച്ചവരുടെ എണ്ണവും പ്രവേശിച്ചവരുടെ എണ്ണവും പഞ്ചായത്തു തലത്തിൽ ക്രോഡീകരിക്കാൻ കഴിയുകയാണെങ്കിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അതിന്റെ നിരക്കും മനസ്സിലാക്കാൻ കഴിയും. ഇതിനുള്ള പരിഹാര നടപടികളെടുക്കുന്നതിനും ഇത് സഹായകമാകും. ഓരോ സ്ക്കൂൾ പ്രദേശത്തും എത്ര വിദ്യാർത്ഥികൾ വീതം സ്ക്കൂൾ പ്രവേശനത്തിന് പ്രായമായിട്ടുള്ളവരായി ഉണ്ട് എന്ന വിവരം അതാത് സ്ക്കൂളുകളെ അറിയിക്കാനുള്ള സംവിധാനവും പഞ്ചായത്തു തലത്തിൽ ഉണ്ടാക്കാവുന്നതാണ്.


     ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ മികച്ച പ്രവർത്തനമാണ്  കാഴ്ചവെക്കുന്നത്. എന്നിട്ടും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുട്ടികൾ  പോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അവിടത്തെ അദ്ധ്യാപനമികവാണോ അതോ മാനേജുമെന്റിന്റെ പ്രലോഭനങ്ങളാണോ യഥാർത്ഥ കാരണം എന്ന് അന്വേഷിക്കേണ്ടതാണ്. പുതിയ വിദ്യാലയങ്ങൾ നൽകുമ്പോൾ അതവിടെ ആവശ്യമാണോ എന്നു അന്വേഷിക്കാനുള്ള അധികാരം ആ പ്രദേശത്തെ പഞ്ചായത്തുകൾക്കു നൽകാവുന്നതാണ്. പ്രാദേശികമായ ആവശ്യം പരിഗണിക്കാതെ ജാതി മത ശക്തികളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.


     മറ്റൊരു ദുഷ്പ്രവണത ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുള്ളത് പൊതുവിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും പാരവെപ്പുമാണ്. എയ്ഡഡ് വിദ്യാലയങ്ങൾ രക്ഷിതാക്കൾക്ക് പണം നൽകിയും, ഗ്രാമീണമേഖലയിൽ മദ്യപാനികളായ രക്ഷിതാക്കൾക്ക് മദ്യം നൽകി പോലും  കുട്ടികളെ വാങ്ങുന്ന പ്രവണത കണ്ടു തുടങ്ങിയിട്ടുണ്ട്.  വിദ്യാഭ്യാസ മേഖല എത്രത്തോളം കച്ചവടവൽക്കരിച്ചിരിക്കുന്നു എന്നതിന്റെ നല്ല ഒരു ഉദാഹരണമാണിത്. അൺ എയ്ഡഡ് സ്ക്കൂളുകൾ അമിതമായ ഫീസ് വാങ്ങിക്കൊണ്ട് രക്ഷിതാക്കളെ ചൂഷണം ചെയ്യുമ്പോൾ എയ്ഡഡ് സ്ക്കൂളുകൾ രക്ഷിതാക്കൾക്ക് അങ്ങോട്ട് പണം നൽകുകയാണ് ചെയ്യുന്നത്. ഒരു ജോലി കിട്ടുന്നതിനു വേണ്ടി അല്ലെങ്കിൽ കിട്ടിയ ജോലി നിലനിർത്തുന്നതിനു വേണ്ടി അദ്ധ്യാപകർ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഇതിനു പരിഹാരം കാണണമെങ്കിൽ KER ചർച്ച  തുടങ്ങിയ കാലം മുതൽ കേട്ടുവരുന്ന അയൽപക്ക വിദ്യാലയങ്ങൾ എന്ന ആശയം നടപ്പിലാക്കാൻ കഴിയണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇരുപക്ഷത്തിനുമില്ല എന്നതാണ് യാഥാർത്ഥ്യം. അതിനവരെ നിർബ്ബന്ധിക്കുന്ന തരത്തിലുള്ള ജനകീയ സമ്മർദ്ദവും രൂപപ്പെടുന്നില്ല!


     അധ്യാപക വിദ്യാർത്ഥി അനുപാതവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ  ക്ലാസ്സുകളിലെല്ലാം ഒരേ പോലെയാണോ വേണ്ടത് എന്നും ചർച്ച ചെയ്യേണ്ടതാണ്.  രക്ഷാകതൃ വിദ്യാഭ്യാസം ഇപ്പോഴും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത മേഖലയാണ്. ഇതും പരിഹരിക്കപ്പെടേണ്ടതുണ്ട്.


2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ജനലോക്പാൽ ചർച്ച ചെയ്യുമ്പോൾ

     അഴിമതിക്കെതിരായുള്ള ജനാഭിപ്രായം വർഷങ്ങൾക്കു മുമ്പു തന്നെ സമൂഹത്തിൽ രൂപം കൊണ്ടു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് നാല്പതു വർഷങ്ങൾക്കപ്പുറത്തു നിന്നും ലോക്പാൽ എന്ന ശബ്ദം നമ്മൾ കേൾക്കാനിടയായതും. പക്ഷെ ഈ കാലങ്ങളിലെല്ലാം തന്നെ ഈ ശബ്ദത്തെ രൂപമാക്കി മറ്റുന്നതിനെ ആരെല്ലാമോ ചേർന്ന് തടഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിൽ അഴിമതി വർദ്ധിക്കുകയും നമ്മൾ ആഗ്രഹിക്കാത്ത ഇടത്തേക്കെല്ലാം അത് പടർന്ന് കയറുകയും ചെയ്തു. അവസാനം നാല്പതു വർഷങ്ങളുടെ ഇങ്ങേ തലക്കൽ അണ്ണാ ഹസാരെ എന്ന ഒരു ഗാന്ധിയന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും ഇനിയും രൂപരഹിത ലോക്പാൽ സഹിക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയും സർക്കാർ അതിന് കീഴടങ്ങുകയും ചെയ്തു. ലോകപാൽ ബിൽ പാർലമെന്റിൽ ഈ വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും എന്ന് സമ്മതിച്ചു. ഇതിനു വേണ്ടി പൊതുസമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണല്ലോ.


     ഈ അവസരത്തിൽ ഈ നിയമത്തിന്റെ പരിധിയിൽ ആരെയെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിലാണ് എന്റെ സന്ദേഹം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാത്രം മതിയോ ഇതിനുള്ളിൽ? അല്ലെങ്കിൽ പൊതുപ്രവർത്തകർ എന്ന നിർവചനത്തിനുള്ളിൽ ആരെല്ലാം പെടും? ഭരണാധികാരികളെയും ഭരണനിർവാഹകരെയും ചട്ടുകമാക്കുന്നവർ ഇതിനകത്താണോ പുറത്താണോ വരിക? യഥാർത്ഥത്തിൽ പിടിക്കേണ്ടത് ചട്ടുകങ്ങളെയാണോ ചട്ടുകങ്ങൾ കയ്യാളുന്നവരെയാണോ?


      അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഏറ്റവുമധികം കുടുങ്ങിയിട്ടുള്ളത് ഭരണവുമായി നേരിട്ടിടപെടുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തന്നെയാണ്. അതു കൊണ്ടു തന്നെ ഇവരെ ഇതിൽ നിന്നൊഴിവാക്കുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കര്യമാണ്. അഴിമതിക്കെതിരെ എന്നു പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യമെത്തുന്ന രൂപങ്ങൾ ഇവരുടെതു തന്നെ ആയിരിക്കുകയും ചെയ്യും.


     ഇവരെപ്പോലെയോ അതിലേറെയോ ജനങ്ങളുമായി മുഖാമുഖമായിട്ടല്ലെങ്കിലും നേരിട്ടിടപെടുന്നവരാ‍ണ് പത്രപ്രവർത്തകർ. ഇവരെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതല്ലേ? തെറ്റായ ഒരു വാർത്ത സമൂഹത്തെ തെറ്റായ വഴിയിലേക്കു തിരിച്ചു വിടുന്നതിന് ഇടയാക്കാം. തെറ്റായ വഴി അപകടത്തിലേക്കുള്ള വഴിയുമാകാം. ഇത് ഒരുപക്ഷെ സാമ്പത്തികമായ നഷ്ടത്തിനുമപ്പുറം രാഷ്ട്രത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ബാധിക്കാനും ഇടയുണ്ട്. നീരാ റാഡിയ ടേപ്പിന്റെയും പ്രതിഫലം വാങ്ങി വാർത്ത കൊടുക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന്റെയും അടിസ്ഥാനത്തിൽ പത്രപ്രവർത്തകരെ ശക്തമായ നിരീക്ഷണവലയത്തിനകത്തു കൊണ്ടു വരേണ്ടതുണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. പത്രപ്രവർത്തകർക്കുള്ള പ്രത്യേക അവകാശങ്ങൾ ഇതിനു തടസ്സമായിക്കൂട. പത്രസ്വാതന്ത്ര്യം എന്ത്, എന്തിനു വേണ്ടി എന്ന ചർച്ചക്കും സമയമായെന്നു തോന്നുന്നു.


     ജനങ്ങളുടെ സമ്പത്ത് വൻ‌തോതിൽ കുന്നുകൂടി കിടക്കുന്ന ഇടങ്ങളാണ് നമ്മുടെ ആരാധനാലയങ്ങൾ. ഇവിടങ്ങളിലെ സമ്പത്തിന്റെ കണക്കുകൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. പല പുരോഹിതന്മാരുടെയും മതമേധാവികളുടെയും ജീവിതരീതി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ജനങ്ങളുടെ പണം ഇവരുടെ ആർഭാടജീവിതത്തിന് ഉപയോഗിക്കേണ്ടതാണോ? ആരാധനാലയങ്ങളിൽ ഇത്രയും പണം സൂക്ഷിക്കേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. ആരാധനാലങ്ങളിലെ കണക്കുകൾ പരിശോധിക്കാനുള്ള അവകാശവും ലോകപാലിന്റെ പരിധിയിൽ പെടുത്തേണ്ടതാണ്. പുരോഹിതന്മാരെയും പൊതുപ്രവർത്തകരുടെ നിർവചനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


    കോടിക്കണക്കുനു രൂപയുടെ ഇളവുകളാണ് വ്യവസായികൾ നേടിക്കൊണ്ടിരിക്കുന്നത്. പൊതുമുതലാണ് ലാഭവും ആസ്തിയും വർദ്ധിപ്പിക്കുന്നതിനു വേണ്ടി മുതലാളിമാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ പണവും ഏതെല്ലാം വിധത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് കണിശമായ പരിശോധനക്കു വിധേയമാക്കേണ്ടതാണ്. ഇപ്പോഴുള്ള പരിശോധനകൾ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. രാഷ്ട്രീയക്കാരെ അഴിമതിക്കു പ്രേരിപ്പിക്കുന്ന ഒരു വിഭാഗം വൻ‌വ്യവസായികളാണ്. ഏതഴിമതിക്കേസ്സിന്റെ പിന്നിലും അതിന്റെ ഗുണഫലം അനുഭവിച്ച ഒരു വ്യവസായിയെയെങ്കിലും കാണാം. ഒരഴിമതിക്കാരനെ പിടിച്ചാൽ മറ്റൊരാളെ ആ സ്ഥാനത്ത് കയറ്റിയിരുത്താനും അഴിമതിക്കാരനല്ലാത്ത ഒരാളുണ്ടെങ്കിൽ അയാളെ വലിച്ചിറക്കി പകരം അഴിമതിക്കാരനെ പ്രതിഷ്ഠിക്കാനും കഴിവുള്ളവരാണ് നമ്മുടെ വൻ‌വ്യവസായികൾ. അതുകൊണ്ട് അവിടെ നിന്നു തുടങ്ങിയാൽ മാത്രമേ അഴിമതിയെ കുറെയെങ്കിലും നിയന്ത്രിക്കാൻ കഴിയൂ.


     സാമ്പത്തികാധികാരം സർക്കാരിൽ നിന്നു നഷ്ടപ്പെട്ടു കഴിഞ്ഞ ഉത്തരാധുനികാവസ്ഥയിലൂടെ തന്നെയാണ് ഇന്ത്യയും ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് കോർപ്പറേറ്റ് ശക്തികളുടെ സമ്മർദ്ദങ്ങൾക്കടിപ്പെട്ട് സർക്കാരിന് പല തീരുമാനങ്ങളും എടുക്കേണ്ടി വരുന്നത്. അങ്ങോട്ടു ചയ്‌വുള്ള ഗവണ്മെന്റ് കൂടിയാണെങ്കിൽ പറയുകയും വേണ്ടല്ലോ. ഇതിനെ ചെറുക്കണമെങ്കിൽ കോർപ്പറേറ്റ് സമ്മർദ്ദങ്ങളെക്കാൾ ശക്തമായ സമ്മർദ്ദം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. 
ഇപ്പോൾ കിട്ടിയത്: കുറുന്തോട്ടിക്കു വാതം പിടിക്കാതെ നോക്കുകയും വേണം.